ചുനക്കര ഗ്രാമപഞ്ചായത്ത് - തീവ്ര ശുചീകരണ യജ്ഞം- 2026 ജൂണ്‍ 27 തീയതിയില്‍
ചരിത്രം

പേരിന് പിന്നിലെ ചരിത്രം

ചുനക്കര  എന്നാണ് ഈ ഗ്രാമത്തിന്‍റെ പേര്. ചൊനക്കരയെന്നും സാധാരണ പറയുന്നു. ചൊന  ഒരു മരത്തിന്റെ പേരാണ് എന്ന് പറയപ്പെടുന്നു. പണ്ടത്തെ പലമരങ്ങളും ഇന്നില്ല എന്നു മാത്രമല്ല  ഉള്ളവയുടെ പേരും മാറിയിട്ടുണ്ട്. ആന, കടുവ എന്നൊക്കെ പേരുള്ള മരങ്ങളും ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ‘ചുന’ ഒരു മരത്തിന്റെ പേര് ആയിരുന്നിരിക്കാം. അപ്പോള്‍ ചുനയുള്ള മരമുള്ളദേശം എന്നാകും ചുനക്കരയുടെ ഒരര്‍ത്ഥം. ചുനക്ക്, വെള്ളമെന്നും ഉറവയെന്നും രണ്ടര്‍ത്ഥമുണ്ട്. ഈ പ്രദേശത്ത് ധാരാളം ഉറവകള്‍ ഉണ്ടായിരുന്നു. ഇപ്പറഞ്ഞ അര്‍ത്ഥത്തില്‍, വെള്ളത്തിന്റെ കര എന്നൊ, വെള്ളമുള്ള പ്രദേശമെന്നൊ ചുനക്കരക്ക് അര്‍ത്ഥകല്പന ചെയ്യണം. അതാണ് ഉചിതവും. ഈ അര്‍ത്ഥ കല്പന ഇവിടുത്തെ ഭൂപ്രകൃതിക്കു യോജിച്ചുമിരിക്കുന്നു. വയലും അതിനിടക്കു നീരൊഴുക്കുതോടും അതിനു ഇരുപുറത്തും കരയുമായാണ് ഈ ഗ്രാമത്തിന്റെ കിഴക്കു പടിഞ്ഞാറുള്ള കിടപ്പ്. ചുനക്കര രണ്ടാംവാര്‍ഡില്‍, ശുനകന്‍ എന്നൊരു മഹര്‍ഷി എങ്ങുനിന്നൊ വന്നു താമസിച്ചു എന്നും ശുനകമഹര്‍ഷി താമസിച്ച പ്രദേശമായതിനാല്‍ ഇതു ശുനകക്കരയായി, പിന്നെ ചുനക്കരയായി എന്നും ഐതിഹ്യം.