ഭൂപ്രകൃതി
ആലപ്പുഴ ജില്ലയില്‍ മാവേലിക്കര താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഒരു ഭൂഭാഗമാണ് ചുനക്കര പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്കുഭാഗത്ത് തഴക്കര പഞ്ചായത്തും തെക്കു ഭാഗത്ത് താമരക്കുളം പഞ്ചായത്തും കിഴക്കു ഭാഗത്ത് നൂറനാട് പഞ്ചായത്തും പടിഞ്ഞാറുഭാഗത്ത് ഭരണിക്കാവ്, തെക്കേക്കര എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. 17.32 ചതു. കി മീ. വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ നാലുവശവും വയലേലകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. വടക്ക് മേവേലില്‍ പാടവും, തഴക്കര പുഞ്ചയും, കിഴക്ക് പെരുവേലില്‍ പുഞ്ചയും, തെക്ക് പൂവത്തൂര്‍ ചിറ നിലവും വെട്ടിക്കോട്ടു പുഞ്ചയും, പടിഞ്ഞാറ് പള്ളിക്കല്‍ തോടും അതിനോടുചേര്‍ന്ന നിലങ്ങളും ചൂരനല്ലൂര് പുഞ്ചയും ആണ് പഞ്ചായത്തിനു ചുറ്റും കിടക്കുന്നത്.പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തോടു സമീപിക്കുതോറും ഉയര്‍ന്നുയര്‍ന്ന് വശങ്ങളിലേക്ക് ചരിവോടുകൂടിയതാണ് ഭൂമിയുടെ ഉപരിതലം. പുരയിടം, നിലം എന്ന രണ്ടുതരം ഭൂമിയാണ് പഞ്ചായത്തിലുള്ളത്. നിലങ്ങളെ ഒരുപ്പൂവ് നിലമെന്നും ഇരുപ്പൂ നിലമെന്നും രണ്ടായിതിരിക്കാം. പുരയിടങ്ങളെ കുന്നില്പ്രദേശമെന്നും സമതലപ്രദേശമെന്നും തറപ്രദേശമെന്നും മൂന്നായി തരംതിരിക്കാം. പഞ്ചായത്തിലുള്ള ഏറിയഭാഗം നിലങ്ങളും ഇരുപ്പൂവ് കൃഷിചെയ്യുന്നതാണ്. പെരുവേലിച്ചാല്‍ നിലത്തില്‍ പുതുക്കുളം മുതല്‍ തെക്കോട്ടുള്ള നിലം, കോലോലില്‍ പാടം, കൊന്നക്കോട്ടു പാടം, ചിറ പമ്മം, പുതുച്ചിറ പാടം, വെട്ടിക്കോട്ടു പുഞ്ച, കണ്ണമ്പളളിച്ചിറ, മഠത്തില്ക്കുളങ്ങരപാടം, കോട്ടപ്പാട്ട്, ഊരിക്കുന്ന്, ചൂരല്ലൂര്‍, മേവേലിപാടം തുടങ്ങിയ പാടങ്ങളാണ് പഞ്ചായത്തിലെ ഇരുപ്പൂവ് കൃഷി ചെയ്യുന്ന പ്രധാനനിലങ്ങള്. പഞ്ചായത്തിന്റെ കിഴക്കുഭാഗത്തുള്ള പെരുവേലിച്ചാല്‍ പുഞ്ചയില്‍ പുതുക്കുളത്തിനു വടക്കോട്ടുള്ള ഭാഗമാണ് പഞ്ചായത്തിലെ പ്രധാനപ്പെട്ട ഒരുപ്പൂവ് നിലം. ഇരുപ്പൂവ് കൃഷിചെയ്യുന്ന പാടങ്ങളിലെല്ലാം മണല്ച്ചേരുവയുള്ള ചെളിമണ്ണാണുള്ളത്. പല പാടങ്ങളിലും മണലിന്റെ ചേരുവയ്ക്ക് വ്യത്യാസം കാണാന്‍ കഴിയും. ഈ നിലങ്ങളിലെ മണ്ണ് വളരെ ഫലപുഷ്ടിയുള്ളതാണ്. ഒരുപ്പൂവ് കൃഷി ചെയ്യുന്ന നിലങ്ങളില്‍ നല്ല ചേറാണ് (കളിമണ്ണ്) കാണപ്പെടുന്നത്. നിലങ്ങളോടു ചേര്‍ന്ന് ശരാശരി പത്തുമീറ്റര്‍ വീതിയില്‍ തറപ്പുരയിടങ്ങള് കാണാം. മണല്‍ച്ചേരുവ കൂടുതലുള്ള ഒരുതരം മണ്ണാണിവിടങ്ങളില് ഉള്ളത്. ഉയര്‍ന്ന പ്രദേശങ്ങളിലും അവയ്ക്കിടയില്‍ സ്ഥിതിചെയ്യുന്ന സമതല പ്രദേശങ്ങളിലും ചരല് കൂടുതലുള്ള ഒരു തരം മണ്ണാണുള്ളത്. കുന്നിന് പ്രദേശങ്ങള്‍ സമനിരപ്പില്‍ നിന്നും താരതമ്യേന ഉയര്‍ന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും കര്‍ഷകര്‍ക്ക് മണ്ണൊലിപ്പ് തടയാന്‍ പാടില്ലാത്തവിധം കിഴുക്കാന്തൂക്കായി കിടക്കുന്നതോ, കൃഷി ചെയ്യാന്‍ പാടില്ലാത്തതോ അല്ല. ഉയര്‍ന്ന പ്രദേശങ്ങളും സമതലപ്രദേശങ്ങളും ഏതു കൃഷിക്കും അനുയോജ്യമായിട്ടുള്ളതാണ്. ഉയര്‍ന്ന പ്രദേശങ്ങളുടെയും സമതലപ്രദേശങ്ങളുടെയും ഉപരിതലത്തില്‍ നിന്നും ശരാശരി മൂന്നടി താഴ്ചയില്‍ വമ്പിച്ച ചെങ്കല്‍ നിക്ഷേപമാണുള്ളത്. ഇത് വെട്ടിയെടുത്ത് കെട്ടിടങ്ങളുടെ ചുമരുകളും മറ്റും നിര്‍മ്മിക്കുന്നു. വെട്ടുക്കുഴിച്ചാലും പുത്തന്‍ കുളവും വെട്ടിക്കോട്ടു (രാക്കുഴി) ചാലും കോമല്ലൂര്‍ മഴുപ്പയില്‍ ചാലും ആണ് പഞ്ചായത്തിലെ വലിയ ജലാശയങ്ങള്‍. മുപ്പതോളം കുളങ്ങളും വിവിധ വാര്‍ഡുകളിലായി സ്ഥിതി ചെയ്യുന്നു.