ചുനക്കര ഗ്രാമപഞ്ചായത്ത് - തീവ്ര ശുചീകരണ യജ്ഞം- 2026 ജൂണ്‍ 27 തീയതിയില്‍
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ചരിത്രം

ചുനക്കര എന്നാണ് ഈ ഗ്രാമത്തിന്റെ പേര്. ചൊനക്കരയെന്നും സാധാരണ പറയുന്നു. ചൊന  ഒരു മരത്തിന്റെ പേരാണ് എന്ന് പറയപ്പെടുന്നു. പണ്ടത്തെ പലമരങ്ങളും ഇന്നില്ല എന്നു മാത്രമല്ല  ഉള്ളവയുടെ പേരും മാറിയിട്ടുണ്ട്. ആന, കടുവ എന്നൊക്കെ പേരുള്ള മരങ്ങളും ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ‘ചുന’ ഒരു മരത്തിന്റെ പേര് ആയിരുന്നിരിക്കാം. അപ്പോള്‍ ചുനയുള്ള മരമുള്ളദേശം എന്നാകും ചുനക്കരയുടെ ഒരര്‍ത്ഥം. ചുനക്ക്, വെള്ളമെന്നും ഉറവയെന്നും രണ്ടര്‍ത്ഥമുണ്ട്. ഈ പ്രദേശത്ത് ധാരാളം ഉറവകള്‍ ഉണ്ടായിരുന്നു. ഇപ്പറഞ്ഞ അര്‍ത്ഥത്തില്‍, വെള്ളത്തിന്റെ കര എന്നൊ, വെള്ളമുള്ള പ്രദേശമെന്നൊ ചുനക്കരക്ക് അര്‍ത്ഥകല്പന ചെയ്യണം. അതാണ് ഉചിതവും. ഈ അര്‍ത്ഥ കല്പന ഇവിടുത്തെ ഭൂപ്രകൃതിക്കു യോജിച്ചുമിരിക്കുന്നു. വയലും അതിനിടക്കു നീരൊഴുക്കുതോടും അതിനു ഇരുപുറത്തും കരയുമായാണ് ഈ ഗ്രാമത്തിന്റെ കിഴക്കു പടിഞ്ഞാറുള്ള കിടപ്പ്. ചുനക്കര രണ്ടാംവാര്‍ഡില്‍, ശുനകന്‍ എന്നൊരു മഹര്‍ഷി എങ്ങുനിന്നൊ വന്നു താമസിച്ചു എന്നും ശുനകമഹര്‍ഷി താമസിച്ച പ്രദേശമായതിനാല്‍ ഇതു ശുനകക്കരയായി, പിന്നെ ചുനക്കരയായി എന്നും ഐതിഹ്യം.

ഭരണ ചരിത്രം

തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത് 1953 ല്‍ അധികാരത്തില്‍ വന്നു. കല്ലടാല്‍ കളീക്കല്‍ അഡ്വ. പി എന്‍ കിട്ടുപിള്ള ബി എ, ബി എല്‍ ആയിരുന്നു ചുനക്കര പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്. ചുനക്കരയിലെ ആദ്യത്തെ നിയമബിരുദധാരിയും അദ്ദേഹമായിരുന്നു. ചുനക്കര പഞ്ചായത്ത് ഭരണിക്കാവ് ബ്ളോക്കിലും ചുനക്കര റവന്യൂ വില്ലേജിലും  ഉള്‍പ്പെട്ടതാണ്. 1957 വരെ ചുനക്കര വില്ലേജ്, കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. 1957 ല്‍ അമ്പലപ്പുഴ ജില്ല രൂപീകരിച്ചു.  അന്നുമുതല്‍ ചുനക്കര വില്ലേജും, ചുനക്കര പഞ്ചായത്തും ആലപ്പുഴ ജില്ലയിലായി. ചുനക്കര പഞ്ചായത്തിന്റെ കിഴക്കുവശം നൂറനാട് പഞ്ചായത്തും, തെക്കുഭാഗത്ത് താമരക്കുളം പഞ്ചായത്തും, പടിഞ്ഞാറുവശം ഭരണിക്കാവ്, തെക്കേക്കര എന്നീ പഞ്ചായത്തുകളും, വടക്കുവശത്ത് തഴക്കരപഞ്ചായത്തും ആണ് അതിരുകള്‍. ഈ പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 17.32 ചതുരശ്ര കിലോമീറ്ററാണ്.

പ്രാദേശിക ചരിത്രം

ചുനക്കര ഒരു കാര്‍ഷിക ഗ്രാമമാണ്. കാര്‍ഷിക സംസ്ക്കാരത്തിന്റെ എല്ലാ നന്മതിന്മകളും ഇവിടെയുണ്ട്. ജന്മിമാരും അവരെ ആശ്രയിച്ചു കഴിഞ്ഞ ഭൂരഹിതരും ഇടകലര്‍ന്നതായിരുന്നു ഈ ഗ്രാമം. ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ ആരാധനാലയങ്ങള്‍ ഇവിടെ ധാരാളമുണ്ടായി. അക്കൂട്ടത്തില്‍ പ്രാചീനമാണ് ചുനക്കര തിരു വൈരൂര്‍ ക്ഷേത്രവും ചുനക്കര വടക്ക് ജമാ അത്ത് പള്ളിയും മോളേത്ത് പള്ളിയെന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബസേലിയോസ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചും. ചുനക്കര ക്ഷേത്രത്തിലെ ഉത്സവം ഈ നാട്ടിലെ എല്ലാ ജാതിമത വിഭാഗങ്ങളുടെയും പ്രദേശികോത്സവമാണ്. ചുനക്കര ഗ്രാമം പണ്ഡിതന്മാരുടേയും കലാകാരന്‍മാരുടേയും സാങ്കേതമായിരുന്നു. കലയിലും വിദ്യയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരും രാജകുടുംബാംഗങ്ങളുടെ ഗുരുസ്ഥാനീയരുമായിരുന്നു ചുനക്കര വാര്യന്മാര്‍. സംസ്കൃത ഭാഷാ പണ്ഡിതന്മാര്‍, കവികള്‍, വൈദ്യന്മാര്‍, കലാകാരന്മാര്‍, മന്ത്രവാദികള്‍, ജോത്സ്യന്മാര്‍ എന്നീ നിലകളിലെല്ലാം പ്രസിദ്ധിനേടിയവരായിരുന്നു ചുനക്കര വാര്യന്മാര്‍. രാജകുടുംബത്തിലെ കൊട്ടാരം വൈദ്യന്‍മാരായ അച്ചുതവാര്യരും ശങ്കരവാര്യരും കേരള പാണിനിയുടെ ആദ്യകാല ഗുരുക്കന്മാരെന്ന നിലയില്‍ പ്രസിദ്ധരാണ്. വിപ്ളവ യുവജന വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്ന് നാടകലോകത്തെ അതികായനായിത്തീര്‍ന്ന ഒ. മാധവന്‍ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. ദാരു ശില്പത്തില്‍ പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡലും ദേശീയ പുരസ്ക്കാരവും നേടിയ ആര്‍ട്ടിസ്റ്റു ചുനക്കര കെ ആര്‍ രാജന്‍, ചുനക്കര രാമന്‍കുട്ടി എന്നിവര്‍ കലാലോകത്തിന്റെയെന്ന പോലെ ഈ നാടിന്റേയും അഭിമാനഭാജനമാണ്. നാടന്‍ കലാരൂപങ്ങള്‍ പലതും നന്നായി വളര്‍ന്ന നാടാണിത്. പലഭജന സംഘങ്ങളും പണ്ടു മുതലേ ഇവിടെ ഉണ്ടായിരുന്നു. അക്കൂട്ടത്തില്‍ പഴക്കമുള്ളതാണ് വലിയവിള തിരുവഞ്ചൂര്‍, കാളി, ചാത്തന്‍ തുടങ്ങിയവരുടെ നേതൃത്വത്തല്‍ ഉണ്ടായിരുന്ന ഭജനസംഘം. ദേശീയ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത പല ദേശാഭിമാനികളും ഈ ഗ്രാമത്തിലുണ്ട്. 1897 ല്‍ തന്നെ  ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായി. ഇന്നത്തെ ചുനക്കര ഗവ. യു പി സ്ക്കൂള്‍ ജനപങ്കാളിത്തത്തോടെ സ്ഥാപിച്ചതാണ്. 1897 ല്‍ ഇതിനുവേണ്ട തടിയും, കല്ലും മറ്റും ദുരസ്ഥലങ്ങളില്‍ നിന്നും ജനങ്ങള്‍ തലച്ചുമടായികൊണ്ടു വന്ന് പടുത്തുയര്‍ത്തിയതാണ് ഈ സ്ഥാപനം. പിന്നീട് പല മനുഷ്യസ്നേഹികളും സ്കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. അങ്ങനെ തുടങ്ങിയ വിദ്യാലയങ്ങളില്‍ എടുത്തുപറയേണ്ട ഒന്നാണ്  1948 ല്‍ സാധു ജനപരിപാലന സംഘം സ്ഥാപിച്ച വിദ്യാലയം. ഇപ്പോള്‍ ഗവ വെല്‍ഫയര്‍ സ്കൂളായി പ്രവര്‍ത്തിക്കുന്നു. 1948 ല്‍ വയോജന വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച സാഹിത്യ പോഷിണി വായനശാലയാണ് ആ രംഗത്തെ ആദ്യസംരംഭം. 1949 ല്‍ ഒരു ഹരിജന്‍ വെല്‍ഫെയര്‍ വായനശാലയും പ്രവര്‍ത്തിച്ചു തുടങ്ങി. ചുനക്കര ആദികാലത്ത് ഏതോ ഇടപ്രഭുക്കന്മാരുടെ അധീനതയിലായിരുന്നിരിക്കണം എന്നതിനു തെളിവാണ് ഇവിടുത്തെ കോട്ടമുക്ക് എന്ന സ്ഥലം. അവിടെ മണ്‍കോട്ട ഉണ്ടായിരുന്നു എന്നും  അത് ഈ പ്രദേശത്തിന്റെ കാവല്‍ സ്ഥാനങ്ങള്‍ ഉള്ള അതിര്‍ത്തിയായിരുന്നിരിക്കണം എന്നും പഴമക്കാര്‍ പറയുന്നു. കോട്ടപ്പാടം, മേവേലി, കൊട്ടാരത്തില്‍ മല തുടങ്ങിയ ഇവിടുത്തെ സ്ഥലനാമങ്ങള്‍ ഈ ഊഹത്തിനു തെളിവാണ്. പില്‍ക്കാലത്തു ഈ പ്രദേശം മാര്‍ത്താണ്ഡവര്‍മ്മ രാജാവിന്റെ അധീനതയിലായിഅങ്ങനെ  തിരുവിതാംകൂറിന്റെ ഭാഗമായി. ഇവിടെ ഗതാഗത സൌകര്യമില്ലായിരുന്നു. ജലമാര്‍ഗ്ഗമായിരുന്നു വേണ്ട സാധനസാമഗ്രികള്‍ ഇവിടെ എത്തിയിരുന്നത്.